Emergency

Blogs

അപസ്‌മാര ചികിത്സയുടെ നെടും തൂണുകൾ : രോഗനിർണയം, ചികിത്സ,  കരുതൽ

Posted on Feb 09, 2025

അപസ്‌മാര ചികിത്സയുടെ നെടും തൂണുകൾ : രോഗനിർണയം, ചികിത്സ,  കരുതൽ

 

മനുഷ്യ മസ്‌തിഷ്‌കത്തെ ദീർഘകാലത്തേക്ക് ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് അപസ്മാരം (Epilepsy). ഇടയ്ക്കിടെ അനുഭവപ്പെടുന്ന ജെന്നികൾ (seizures) അല്ലെങ്കിൽ 'ഫിറ്റ്‌സ്' എന്ന അവസ്ഥയാണ് അപസ്‌മാരരോഗികൾ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി. മസ്തിഷ്കത്തിൽ കുറഞ്ഞ സമയത്തേക്ക് മാത്രം അനുഭവപ്പെടുന്ന വൈദ്യുത പ്രവാഹത്തിൻ്റെ ഫലമായി ബോധം മറയുക, കൈകാലുകൾ അനിയന്ത്രിതമായി ചലിപ്പിക്കുക, മായികമായ കാഴ്ച്‌ചകൾ അനുഭവപ്പെടുക, മനഃശാസ്ത്രപരവും സംവേദനാത്മകവുമായ തോന്നലുകൾ ഉണ്ടാവുക മുതലായി വ്യത്യസ്‌തമായ ലക്ഷണങ്ങൾ അപസ്‌മാരസമയത്ത് രോഗികളിൽ അനുഭവപ്പെടാറുണ്ട്. ചില രോഗികളിൽ ഈ രോഗലക്ഷണങ്ങൾ മണിക്കൂറുകളോളം അനിയന്ത്രിതമായി നീണ്ടുനിൽക്കുന്ന സ്റ്റാറ്റസ് എപിലെപ്റ്റിക്കസ് (status epilepticus) അവസ്ഥ സംജാതമാകാറുണ്ട്. ഇവർക്ക് എത്രയും വേഗം തന്നെ ആശുപത്രിയിൽ എത്തിച്ച് വൈദ്യസഹായം നൽകേണ്ടതുണ്ട്.

 

അപസ്മാര രോഗനിർണ്ണയത്തിലെ മൂന്ന് പ്രധാന ഘടകങ്ങൾ

 

മെഡിക്കൽ ഹിസ്‌റ്ററി :

 

അപസ്‌മാര സമയത്ത് രോഗി പ്രകടിപ്പിക്കുന്ന അനുഭവങ്ങൾക്ക് ദൃക്‌സാക്ഷികളായ വ്യക്തികളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നത് ശരിയായ രോഗനിർണ്ണയം നടത്തുന്നതിൽ അത്യന്താപേക്ഷിതമാണ്. ഇത് രോഗലക്ഷണങ്ങൾ വിശകലനം ചെയ്യാനും, അപസ്‌മാരത്തിൻ്റെ ലക്ഷണങ്ങളുമായി സാമ്യമുള്ള മറ്റു അവസ്ഥകളിൽ നിന്ന് വേർതിരിച്ചറിയുന്നതിനും സഹായകമാണ്. കൂടാതെ, ഏത് തരം ഫിറ്റ്സ് ആണെന്ന് മനസിലാക്കുന്നതിനും തലച്ചോറിൻ്റെ ഏത് ഭാഗത്തിൽ നിന്നാണു രോഗലക്ഷണങ്ങൾ ആരംഭിക്കുന്നത് എന്ന് തിരിച്ചറിയുന്നതിനും ആവശ്യമാണ്. രോഗിയുടെ ശൈശവ ബാല്യ കാലഘട്ടങ്ങളിലെ മെഡിക്കൽ ഹിസ്റ്ററിയും രക്തബന്ധത്തിലെ അപസ്‌മാര ചരിത്രവും അറിഞ്ഞിരിക്കുന്നത് രോഗനിർണയത്തിനു വളരെ പ്രയോജനകരമാണ്.

 

ഇ ഇ ജി (Electroencephalogram),

 

അപസ്മാര രോഗനിർണയത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട പരിശോധനയാണ് EEG. രോഗി ഉണർന്നിരിക്കുന്ന അവസ്ഥയിലും ഉറങ്ങുന്ന അവസ്ഥയിലുമായി (ആകെ 45 മിനിറ്റ്) സസൂഷ്‌മം എടുക്കുന്ന EEG കൾ ഭൂരിഭാഗം രോഗികളിലെയും മസ്‌തിഷ്‌കത്തിലെ അസാധാരണ പ്രവർത്തനങ്ങൾ കണ്ടെത്താൻ സഹായിക്കും. എന്നാൽ ചുരുക്കം ചില രോഗികളിൽ, പ്രത്യേകിച്ച് മരുന്നുകളോട് പ്രതികരിക്കാത്ത രോഗലക്ഷണങ്ങൾ ഉള്ളവരിൽ 8 മണിക്കൂർ മുതൽ ദിവസങ്ങളോളം നീളുന്ന ദീർഘകാല EEG നിരീക്ഷണം ആവശ്യമായി വരാറുണ്ട്. കൂടാതെ, രോഗിയിൽ ഫിറ്റ്സ് പ്രകടമാവുമ്പോൾ EEG യോടൊപ്പം വീഡിയോ റെക്കോർഡ് (Video EEG) കൂടി ചെയ്യുന്നത് ശരിയായ അപസ്മാരരോഗ നിർണയത്തിനു കൂടുതൽ അനുയോജ്യമായിരിക്കും.

 

ന്യൂറോ ഇമേജിംഗ് (Neuroimaging)

 

പ്രത്യേക പ്രോട്ടോകോൾ MRI സ്‌കാൻ അപസ്‌മാരത്തിനു കാരണമായേക്കാവുന്ന, മസ്‌തിഷ്‌കത്തിന്റെ ഘടനാപരമായ മാറ്റങ്ങൾ തിരിച്ചറിയുന്നതിനു വളരെ പ്രയോജനപ്രദമാണ്. അപസ്മാര ശസ്ത്രക്രിയ ചെയ്യേണ്ടുന്ന രോഗികളിൽ PET (Positron Emission Tomography) പോലെയുള്ള നവീന പരിശോധനാ രീതികളും ഉപയോഗിക്കുന്നു. 

 

അപസ്‌മാര ചികിത്സയിലെ മൂന്നു പ്രധാന ഘടകങ്ങൾ

 

മരുന്നുകൾ (Medical Management):

 

അപസ്മാരത്തിനു ഏറ്റവും പ്രചാരമുള്ളതും കാര്യക്ഷമവുമായ ചികിത്സാമാർഗം ശാസ് ത്രീയ മാർഗത്തിൽ വികസിപ്പിച്ചെടുത്ത മരുന്നുകളാണ്. എന്നാൽ ചെറിയൊരു ശതമാനം ആളുകളിൽ മരുന്നുകളോടുള്ള അലർജി മൂലം പാർശ്വഫലങ്ങൾ ഉണ്ടാകാറുണ്ട്. മരുന്ന് കഴിക്കാനുള്ള പേടി മൂലം ചികിത്സയിൽ അലംഭാവം കാണിക്കുന്ന രോഗികളും ഉണ്ട്; ഇത്തരക്കാരിൽ ചികിത്സ ഉദ്ദേശിക്കുന്ന ഫലം പ്രകടിപ്പിക്കു ന്നതിനുള്ള സാധ്യത വളരെ കുറവാണ്. രോഗിയും കുടുംബവും ചികിത്സിക്കുന്ന ഡോക്‌ടറുമായി മികച്ച ബന്ധം പുലർത്തുന്നതും രോഗിയിലെ മാറ്റങ്ങൾ കൃത്യമായി ഡോക്ടറെ അറിയിച്ച് ചികിത്സയിൽ ക്രമീകരണങ്ങൾ വരുത്തുന്നതും ചികിത്സ മൂലം മികച്ച ഫലം ലഭിക്കുന്നതിന് അനിവാര്യമാണ്. മരുന്നുകൾക്കൊപ്പം ആരോഗ്യകരമായ ജീവിതശൈലിയും (നല്ല ഉറക്കം, സ്ക്രീൻ ടൈം നിയന്ത്രണം) മസ്തിഷ്കത്തിൽ സമ്മർദ്ധം കുറയ്ക്കുന്നത് വഴി ഫിറ്റ്സ് വരുന്ന ഇടവേളകൾ വർധിപ്പിക്കുന്നതിന് സഹായിക്കും.

 

അപസ്‌മാര ശസ്ത്രക്രിയ (Epilepsy Surgery):

 

മരുന്ന് ചികിത്സകൾ ഒട്ടും ഫലപ്രദമാവാത്ത രോഗികളിൽ മാത്രമായി അപസ്‌മാര ശസ്ത്രക്രിയ പരിമിതപ്പെടുത്തിയിട്ടുണ്ട്. മരുന്ന് ചികിത്സ കൊണ്ട് പ്രയോജനം ലഭിക്കാത്ത രോഗികളിൽ ഏകദേശം 70% ത്തോളം പേരിൽ ശസ്ത്രക്രിയ രോഗം പൂർണ്ണമായി മാറ്റാൻ സഹായിക്കുന്നു. ചുരുക്കം അവസരങ്ങളിൽ ഫിറ്റ്സ് ഉണ്ടാകുന്ന ഇടവേളകൾ വർധിപ്പിക്കുന്നതിനും അപകടാവസ്ഥ കുറയ്ക്കുന്നതിനും ശസ്ത്രക്രിയ നടത്താറുണ്ട്. ജീവിതത്തിൽ സമഗ്രമായ മാറ്റങ്ങൾ ഉണ്ടാക്കുന്ന ചികിത്സാമാർഗം എന്ന നിലയിൽ അപസ്‌മാര ശസ്ത്രക്രിയ ശരിയായ പരിശീലനം ലഭിച്ച വിദഗ്‌ധ ടീമും ചികിത്സാസംവിധാനങ്ങളും ലഭ്യമായ ഒരു ആശുപത്രിയിൽ വച്ച് മാത്രമേ ചെയ്യുവാൻ പാടുള്ളൂ.

 

ന്യൂറോസ്റ്റിമുലേഷൻ (Neurostimulation):

 

അപസ്മാര ശസ്ത്രക്രിയ പ്രായോഗികമല്ലാത്ത രോഗികളിൽ ഫിറ്റ്സ് വരുന്നത് കുറയ്ക്കുന്നതിനായി Vagus Nerve Stimulation (VNS), Deep Brain Stimulation (DBS) എന്നിങ്ങനെ അറിയപ്പെടുന്ന രണ്ടു നവീന സ്റ്റിമുലേഷൻ ചികിത്സാ രീതികൾ ലഭ്യമാണ്.

 

അപസ്‌മാര രോഗികളോടുള്ള കരുതൽ

 

അപസ്മാര രോഗികൾ പല പരിമിതികളും അനുഭവിക്കുന്നതോടൊപ്പം സമൂഹത്തിൽ നിന്നുള്ള ചോദ്യങ്ങളെയും നിരന്തരമായി അഭിമുഖീകരിക്കുന്നവരാണ്. ഇങ്ങനെ ഉയരുന്ന മിക്ക ചോദ്യങ്ങൾക്കും കൃത്യമായ ഉത്തരം നൽകുവാൻ കഴിയുന്നില്ല എന്നത് ഒരു അടിസ്ഥാന യാഥാർഥ്യമാണ്. ശാരീരികമായും മാനസികമായും ഉയരുന്ന വലിയ വെല്ലുവിളികളെ ഒറ്റയ്ക്ക് നേരിടുക എന്നത്‌ അപസ്‌മാര രോഗികളെ സംബന്ധിച്ച് അപ്രായോഗികമാണ്. ചികിത്സയോടൊപ്പം ഈ വെല്ലുവിളികളെ അതിജീവിക്കാൻ കുടുംബത്തിൻറെയും സുഹൃത്തുക്കളുടെയും ആർദ്രമായ പിന്തുണയും കരുതലും രോഗിയെ മനസിലാക്കി പരിചരിക്കുന്ന ഡോക്ടറുടേയും മെഡിക്കൽ ടീമിൻ്റെയും സാന്നിധ്യവും സഹകരണവും തീർച്ചയായും ആവശ്യമാണ്.

 

Dr Sachin Sureshbabu 

HOD & Senior Consultant - Neurology, Director - Research and Innovations

Centre of Neurosciences, Meitra  Hospital, Kozhikode.