24/7 Emergency: +91 93 93 108 108

Help Desk : 0495 7123456

കോവിഡ് കാലം ഈ കാര്യങ്ങളിൽ മലയാളിയെ മര്യാദ പഠിപ്പിച്ചു: ശ്വാസകോശം സ്പോഞ്ചാണെന്ന് തിരിച്ചറിഞ്ഞപ്പോൾ

ഡോ. പത്മാവതി ആര്, കണ്‍സല്‍ട്ടന്റ് പള്‍മണോളജിസ്റ്റ് ,മേയ്ത്ര ഹോസ്പിറ്റല്, കോഴിക്കോട്

‘ശ്വാസ കോശം സ്‌പോഞ്ചു പോലെയാണ്.’ ഈ വാചകം കേള്‍ക്കുമ്പോള്‍ തന്നെ പേടി തോന്നുന്നതിനു പകരം ചിരി വരുന്നതു പോലെ തന്നെയാണ് ശ്വാസകോശ രോഗങ്ങളുടെയും സ്ഥിതി. ശ്വാസകോശത്തിന്റെ ആരോഗ്യം, പരിസ്ഥിതി ഉള്‍പ്പെടെയുള്ള മലിനീകരണം, പുകവലി തുടങ്ങിയവയെക്കുറിച്ചൊക്കെ പറയുമ്പോഴും അധികം പേരുടെ മനസ്സിലും ഗൗരവതരമായൊരു കാര്യം കേള്‍ക്കുന്നു എന്നതിനു പകരം ‘ ഇതൊക്കെ എത്ര കേട്ടതാ?” എന്ന പരിഹാസം തന്നെയാണ് കടന്നു വരുന്നത്. എന്നാല്‍ കോവിഡ്-19 ലോകത്ത് ഒരു പാട് നല്ലതും ചീത്തയുമായ മാറ്റങ്ങളൊക്കെ വരുത്തിയിട്ടുണ്ടെങ്കിലും ശ്വാസകോശ ആരോഗ്യത്തിന്റെ കാര്യത്തില്‍ വലിയ ഗുണപരമായ മാറ്റങ്ങള്‍ക്കാണ് തിരി കൊളുത്തിയിരിക്കുന്നതെന്ന് പറയാതെ വയ്യ.

ശ്വാസ കോശ സംബന്ധമായ രോഗങ്ങള്‍ ചികിത്സിക്കുന്ന ഡോക്ടര്‍മാരെ ‘ടി.ബി. ഡോക്ടര്‍മാര്‍’ മാത്രമായി കണ്ടു വന്നിരുന്ന നമ്മുടെ മുന്‍തലമുറക്കാരുടെ ചിന്തയില്‍ നിന്നു മാറി മനുഷ്യന്‍ അനുഭവിക്കുന്ന ഗുരുതര പ്രശ്‌നങ്ങളില്‍ ഒന്നാണ് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്ന തിരിച്ചറിവിലേക്ക് സമൂഹം എത്തിയിരിക്കുന്നു.

കുതിച്ചുകൊണ്ടിരിക്കുന്ന വായു മലിനീകരണം, പുകവലി മുതല്‍ ഇ-സിഗരറ്റ് വലി വരെ, പ്ലാസ്റ്റിക് കത്തിക്കുന്നത്, വ്യവസായവത്കരണം, ഫാക്ടറികള്‍ തുപ്പുന്ന പുക തുടങ്ങി ശ്വാസകോശ ആരോഗ്യത്തെ ബാധിക്കുന്ന ഘടകങ്ങള്‍ പെരുകിക്കൊണ്ടേയിരിക്കുകയാണ്.

കോവിഡിനു മുമ്പത്തെ ആശുപത്രിയിലെ ഒരു പരിശോധനാ മുറി ഒന്നു മനസ്സിലേക്കു കൊണ്ടു വന്നു നോക്കൂ. പുകവലികൊണ്ടുള്ള കടുത്ത രോഗാവസ്ഥ അനുഭവിക്കുന്ന ഒരു രോഗിയോട് ഡോക്ടര്‍ പറയുന്നു, പുകവലി ഒഴിവാക്കണമെന്ന്. രോഗി ചിരിക്കും. രോഗിയുടെ കൂടെ വന്ന കുടുംബക്കാര്‍ രോഗിയെ കണ്ണുരുട്ടി നോക്കും. അപ്പോഴും രോഗി ചിരിക്കും, ഇതൊന്നും നിര്‍ത്താന്‍ കഴിയില്ലെന്ന മട്ടില്‍, കണ്ണിറുക്കി ചിരിക്കും.

സമയത്തിനു വാക്‌സിനെടുക്കണമെന്നും ഇന്‍ഹേലറുകള്‍ ആവശ്യമായി വരുന്ന സമയത്ത് അതു തന്നെ ഉപയോഗിക്കണമെന്നു പറഞ്ഞാലും പലരും അതും കാര്യമായെടുക്കില്ല. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ട് മറയ്‌ക്കേണ്ടതിനെക്കുറിച്ച്, ചെറിയ ശ്വാസകോശ രോഗങ്ങളുള്ളവര്‍ പോലും മാസ്‌ക് ധരിക്കുകയും കൈകള്‍ വൃത്തിയാക്കുകയും വേണമെന്നുമൊക്കെയുള്ള ബോധവത്കരണ സന്ദേശങ്ങളും പതിച്ചത് പലപ്പോഴും ബധിരകര്‍ണ്ണങ്ങളില്‍ ആയിരുന്നു. ദശകങ്ങളായി ആരു പറഞ്ഞാലും അംഗീകരിക്കാന്‍ സമൂഹം കൂട്ടാക്കാതിരുന്ന ഒരുപടി ആരോഗ്യനിര്‍ദ്ദേശങ്ങളെ ഒറ്റയടിക്ക് നടപ്പാക്കി കോവിഡ് -19 എന്നത് കോവിഡിന്റെ ദുരനുഭവങ്ങള്‍ക്കിടയിലും നാം ഓര്‍ത്തിരിക്കേണ്ട കാര്യമാണ്.

ശ്വസന വ്യവസ്ഥ അപ്പര്‍ റെസ്പിറേറ്ററി ട്രാക്ട് (യു ആര്‍ ടി), ലോവര്‍ റെസ്പിറേറ്ററി ട്രാക്ട് (എല്‍ ആര്‍ പി) എന്നിങ്ങനെ രണ്ടായി വിഭജിക്കപ്പെട്ടിട്ടുണ്ട്. പലപ്പോഴും രോഗലക്ഷണങ്ങള്‍ രണ്ടും ഇഴചേര്‍ന്ന് കാണാറുണ്ട്. ഉദാഹരണത്തിന് തുമ്മലും അലര്‍ജിയും (യു ആര്‍ ടി രോഗം) ഉള്ള ഒരാള്‍ക്ക് നെഞ്ചില്‍ ഒരു അടപ്പും ശ്വാസ തടസ്സവും ചുമയും- അതായത് ആസ്തമ (എല്‍ ആര്‍ ടി രോഗം) വന്നാല്‍ പലപ്പോഴും ഈ ശ്വാസതടസ്സത്തെ ഗൗരവമായി കാണാറില്ല. മൂക്കിലുള്ള തടസ്സമാണെന്നോ മറ്റോ ഒക്കെ പറഞ്ഞ് ഒളിഞ്ഞു കിടക്കുന്ന ആസ്തമ തിരിച്ചറിയപ്പെടാതെ പോകുകയും ചെയ്യും.

അടുത്തതാണ് കഫക്കെട്ട്. എന്തു വന്നാലും അത് കൊണ്ടു പോയി കെട്ടുന്നത് ‘കഫക്കെട്ടി’ലാണ്. എല്ലാ ശ്വാസതടസ്സങ്ങളും ആസ്തമ അല്ലെന്നും ശ്വാസതടസ്സമൊന്നുമില്ലാതെ നേരിയ ചുമ എന്ന നിലയിലും ആസ്തമ വരാം എന്നും തിരിച്ചറിയാന്‍ ജനങ്ങള്‍ക്ക് സാധിക്കാതെ പോകുന്നു.

ശ്വാസ നാളവുമായി ബന്ധപ്പെട്ട ശ്വസന പ്രശ്‌നങ്ങള്‍ തടസ്സം കൊണ്ടോ (ഒബ്‌സ്ട്രക്ടീവ്) ചുരുക്കം കൊണ്ടോ (റസ്ട്രിക്ടീവ്) ഉള്ള രോഗങ്ങളാവാം. തടസ്സം കൊണ്ടുണ്ടാവുന്ന രോഗം വായുസഞ്ചാര മാര്‍ഗ്ഗത്തെ ബാധിക്കുന്നതാണെങ്കില്‍ റസ്ട്രിക്ടീവ് ഡിസീസ് എന്നത് ശ്വാസകോശത്തിന്റെ ഭാഗമായി വരുന്ന പൊതുഘടകങ്ങളെ ബാധിക്കുന്നു. രണ്ടിനും ഒരേ ലക്ഷണങ്ങളുമായിരിക്കും. പൊതുവെ ചുമയും ശ്വാസതടസ്സവും നെഞ്ചിലുള്ള അസ്വസ്ഥതയുമാണ് കണ്ടു വരാറുള്ളത്.

ആസ്തമ, സി.ഒ.പി.ഡി, ബ്രോങ്കൈറ്റിസ് എന്നിവയൊക്കെ ഒബ്‌സ്ട്രക്ടീവ് എയര്‍വേ ഡിസീസുകളാണ്. അതേസമയം, നെഞ്ച് വികസനത്തെ പ്രതികൂലമായി ബാധിക്കുന്ന ന്യൂറോമസ്‌കുലര്‍ സിസ്റ്റം ഡിസീസ്, ഇന്റര്‍സ്റ്റിഷ്യല്‍ ലംഗ് ഡിസീസസ് തുടങ്ങി റസ്ട്രിക്ടീവ് വിഭാഗത്തില്‍ പെടുന്ന നൂറു കണക്കിന് രോഗങ്ങളുണ്ട്.

ഏറ്റവും മാരകമായത് എ ആര്‍ ഡി എസ്, അഥവാ അക്യൂട്ട് റസ്പിറേറ്ററി ഡിസ്ട്രസ് സിന്‍ഡ്രം ആണ്. ശ്വാസകോശത്തിനകത്ത് വെള്ളത്തുള്ളിയുടെ ആകൃതിയിലുള്ള ആല്‍വിയോളൈ എന്നു വിളിക്കപ്പെടുന്ന കുഞ്ഞു സഞ്ചികളില്‍ ദ്രവം നിറയുമ്പോഴാണ് ഈയവസ്ഥ ഉണ്ടാകുന്നത്. ഈ രോഗം വന്നാല്‍ ശ്വസകോശം വഴി ഓക്‌സിജന്‍ രക്തത്തില്‍ കലരുന്നത് തടയപ്പെടുകയും ഹൈപ്പോക്‌സിയയിലേക്ക് മാറാനുള്ള സാധ്യത കൂടും. ശ്വാസകോശത്തിന് ക്ഷതം പറ്റുക, കോവിഡ് -19 ഉള്‍പ്പെടെയുള്ള അണുബാധ, പല വിധ മഞ്ഞപ്പിത്തങ്ങള്‍, പാന്‍ക്രിയാസ് പോലുള്ളവയ്ക്ക് പറ്റുന്ന ക്ഷതങ്ങള്‍ തുടങ്ങി പല കാരണങ്ങള്‍ കൊണ്ട് എ ആര്‍ ഡി എസ് വരാം. ഈ രോഗാവസ്ഥ വന്നാല്‍ രോഗിയെ ആശുപത്രിയിലാണെങ്കില്‍ ഐ.സി.യു പ്രവേശം അനിവാര്യമാണ്. എന്‍ഡോട്രക്കിയല്‍ ഇന്‍ട്യൂബേഷനും മെക്കാനിക്കല്‍ വെന്റിലേഷനും ആവശ്യമായി വരും. എ ആര്‍ ഡി എസ് സൂക്ഷ്മതയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ രോഗിയുടെ ജീവനു തന്നെ ഭീഷണിയായേക്കും.

നെഞ്ചില്‍ എന്ത് അസ്വസ്ഥതയുണ്ടായാലും ഏതു സാധാരണക്കാരനും സംശയിക്കും, ഇത് ഹൃദയാഘാതമാണോ എന്ന്. ഉടന്‍ തന്നെ കാര്‍ഡിയോളജിസ്റ്റിനെ സമീപിക്കുകയും ചെയ്യും. എന്നാല്‍ പള്‍മണോളജിസ്റ്റുകളുടെ കാര്യത്തില്‍ സമൂഹത്തിന് ഈ തിരിച്ചറിവ് ഇനിയും ഉണ്ടായി വരുന്നതേയുള്ളൂ. നെഞ്ചിലുണ്ടാകുന്ന വലിഞ്ഞുമുറുക്കം, ശ്വാസതടസ്സം, കാലില്‍ നീര്‍വീക്കം കാണുക തുടങ്ങിയ ലക്ഷണങ്ങള്‍ എല്ലായ്‌പ്പോഴും ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ടു മാത്രമാവില്ല. പലപ്പോഴും അത് ശ്വാസ തടസ്സമുണ്ടാക്കുന്ന സി.ഒ.പി.ഡി യോ അല്ലെങ്കില്‍ ആസ്തമയോ ആവുകയും ചെയ്യും. നെഞ്ച് പിടുത്തവും വേദനയും എല്ലാം ഹൃദയസംബന്ധമായിക്കൊള്ളണമെന്നില്ലെന്നും ലക്ഷണങ്ങള്‍ മാറിയും മറിഞ്ഞും കാണിക്കുമെന്നുമുള്ള പാഠവും കോവിഡ് നമ്മെ പഠിപ്പിച്ചു.

സി.ഒ.പി.ഡി പലപ്പോഴും രണ്ട് രോഗങ്ങളുടെ സങ്കരമാണ്. ക്രോണിക് ബ്രോങ്കൈറ്റിസ്, എംഫെസിമ. ക്രോണിക് ബ്രോങ്കൈറ്റിസില്‍ അഥവാ സ്ഥിരമായ ശ്വസനി വീക്കത്തില്‍ ശ്വാസകോശത്തിലേക്ക് വായു എത്തിക്കുന്ന ശ്വസനനാളികള്‍ക്ക് വീക്കം ബാധിക്കുന്നു. വളരെയധികം കഫം ഉത്പാദിപ്പിക്കപ്പെടുന്നു. ശ്വസന നാളികള്‍ അങ്ങനെ ഇടുങ്ങിയതാവുകയും ശ്വാസോച്ഛ്വാസത്തിന് ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യുന്നു.

എംഫെസിമ ബാധിച്ചവരില്‍ ശ്വാസകോശത്തിലെ വായുമാര്‍ഗ്ഗങ്ങുടെ അവസാനമുള്ള വായു അറകള്‍ക്ക് സ്ഥിരമായ കേടുപാടുകള്‍ സംഭവിക്കുന്നു. വികസിക്കാനുള്ള കഴിവ് നഷ്ടപ്പെടുന്നു. വായു അറകളില്‍ വായു പുറത്തു പോകാനാകാതെ കുടുങ്ങിപ്പോകുന്നതുകൊണ്ട് കുറച്ച് വായു മാത്രമേ ശ്വാസകോശങ്ങളില്‍ കടക്കുകയും, പുറത്തു പോകുകയും ചെയ്യുന്നുള്ളൂ. ഇതുകൊണ്ടാണ് നിങ്ങള്‍ക്ക് ശ്വാസവിമ്മിഷ്ടം അനുഭവപ്പെടുന്നത്.

സി.ഒ.പി.ഡി ഉണ്ടാകുന്നതിന്റെ ഒരു പ്രധാന കാരണമാണ് പുകവലി. പുകവലി പൂര്‍ണ്ണമായും ഉപേക്ഷിക്കുക. ഇതിനാല്‍ നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടും. ശ്വാസകോശങ്ങള്‍ കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കും.

ബ്രോങ്കോ ഡൈലേറ്റര്‍ മരുന്നുകള്‍ ശ്വസിക്കുന്നതാണ് (ഇന്‍ഹേലര്‍) സി.ഒ.പി.ഡി. നിയന്ത്രിക്കുന്നതിന് ലോകവ്യാപകമായി തെളിയിക്കപ്പെട്ടിട്ടുള്ള ഏറ്റവും നല്ല ചികിത്സ. അവ ഉപയോഗിക്കാന്‍ എളുപ്പവും രോഗലക്ഷണങ്ങള്‍ നിയന്ത്രിക്കുന്നതില്‍ സുരക്ഷിതവും ഫലപ്രദവുമാണ്.

ഇന്‍ഹേലറുകളെക്കുറിച്ചുള്ള പല മിഥ്യാധാരണകളും ഇന്നും സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇന്‍ഹേലറുകളില്‍ അടങ്ങിയിരിക്കുന്നത് വളരെ സൂക്ഷ്മ കണികകളാണ്. ഇന്‍ഹേലറുകള്‍ വഴി നേരിട്ട് ശ്വാസകോശത്തിലേക്ക് മരുന്ന് വലിക്കുന്നതിനാല്‍ ഉദരസംബന്ധമായ പ്രശ്‌നങ്ങളൊന്നും ഉണ്ടാകുന്നില്ല.

ഇന്‍ഹേലറുകള്‍ തുടര്‍ച്ചയായി ഉപയോഗിച്ചെന്ന് കരുതി യാതൊരു തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളും തന്നെ ഉണ്ടാകുന്നില്ല. കൂടാതെ അതിന് അടിമകള്‍ ആകുമെന്ന ഭയവും വേണ്ട. കാലക്രമേണ അസുഖത്തിന്റെ കാഠിന്യം കുറയുന്നതിന് അനുസരിച്ച് ഇന്‍ഹേലറുകളുടെ ഉപയോഗം നിര്‍ത്താനും സാധിക്കും.

ഇന്‍ഹേലറുകള്‍ സി.ഒ.പി.ഡി രോഗത്തിന് മാത്രമല്ല, ആസ്തമ, ബ്രോങ്കൈറ്റിസ്, അലര്‍ജി തുടങ്ങി ശ്വാസകോശ സംബന്ധമായ പല രോഗങ്ങള്‍ക്കും ഇത് ഫലപ്രദമാണ്.

സി.ഒ.പി.ഡി രോഗം ബാധിച്ച വ്യക്തികള്‍ക്ക് ശ്വസനനാളികളെ ബാധിക്കുന്ന അണുബാധകള്‍ പരമാവധി വരാതെ സൂക്ഷിക്കുക. ഫ്‌ളൂ ന്യൂമോകോക്കല്‍, കോവിഡ് വാക്‌സിനേഷന്‍ യഥാസമയം സ്വീകരിക്കാന്‍ ശ്രദ്ധിക്കുക.

നിങ്ങള്‍ക്ക് സി.ഒ.പി.ഡി ഉണ്ടോ എന്ന് തിരിച്ചറിയാന്‍ കഴിയുന്ന ഒരു ലളിതമായ ടെസ്റ്റ് ആണ് പി.എഫ്.ടി.(പള്‍മണറി ഫംഗ്ഷന്‍ ടെസ്റ്റിംഗ്). ആരോഗ്യകരമായ ഭക്ഷണം സി.ഒ.പി.ഡി ഉള്ളവര്‍ക്ക് വളരെ പ്രധാനമാണ്. പ്രോട്ടീന്‍ ധാരാളമുള്ള ഭക്ഷണങ്ങള്‍ ഇതില്‍ പെടുന്നു.

പുകയില ഉത്പന്നങ്ങള്‍ വര്‍ജ്ജിക്കുക, അന്തരീക്ഷ മലിനീകരണം തടയുക, ചിട്ടയായ ജീവിത ശൈലിയും അനുയോജ്യമായ വ്യായാമമുറകളും ശീലമാക്കുക തുടങ്ങിയ ക്രമീകരണങ്ങളിലൂടെ നമുക്ക് യഥാര്‍ത്ഥ ലക്ഷ്യം കൈവരിക്കാം.

 

Share
Share on whatsapp
Share on facebook
Share on twitter
Share on linkedin

Related Blogs

Visit Our Facility

Our facilities are deployed with highly innovative world-class technology that is capable of transforming healthcare.

Visit Our Doctors

Doctors at Meitra are not only famous for their expertise, but for their friendly and welcoming approach.

Welcome to India

Are you planning to visit Meitra? All the procedures are responsibly taken care of.

Experience the Virtual Care at the Comfort of Your Home.

Download Meitra Hospital App now!